Saturday, June 16, 2012

പ്രഭാങ്കനം


പണിയെടുക്കുന്നവർ പണ്ടു നാട്ടിയ
കൊടിമരത്തിലെ ചോരപ്പതാക തൻ
നിറമൊരിക്കലും മായാതെ കാക്കുവാൻ
ഉടനൊരഗ്നിയായ് പടരൂ സഖാക്കളേ....

കപടമാനവ സ്നേഹപ്രകീർത്തനം
കുടിലതൂലികത്തുമ്പാൽ പകർത്തുവാൻ
കവിതകീറിപ്പറത്തും നികൃഷ്ടത-
യ്ക്കരികി,ലാഗ്നേയവർഷമായ്പെയ്യുവിൻ...
വലതുസാമ്രാജ്യ തന്ത്രങ്ങളെപ്പൊഴും
ക്ഷുഭിതരായ് ചോദ്യശരമെയ്തു നേർ ക്കുവിൻ...
മനുജരക്തത്തിനിരു നിറം കല്പിച്ച
കഥകൾ തൻ നേർ ക്കു കാർക്കിച്ചു തുപ്പുവിൻ....

പരമശുഷ്കമാ,മൊരുന്യൂനപക്ഷത്തി-
നറയിലേക്കുള്ള സമ്പത്തൊഴുക്കതി-
ന്നെതിരെ നാം ലോകസമരത്തിനായ് പെരും-
പടനയിക്കാനൊരുങ്ങൂ സഖാക്കളേ...
പൊറുതിമുട്ടുന്ന ദുരിതപ്പരമ്പര-
യ്ക്കറുതിയാവും വരേയ്ക്കുനാം പൊരുതുവിൻ...
അണിയിതിൽ ചേർ ന്നുകെണിയൊരുക്കുന്നവർ-
ക്കണിയുവാൻ കൈവിലങ്ങുനാം തീർക്കുവിൻ....

നരബലിച്ചോര നക്കിക്കുടിക്കുന്ന
ചുടലദൈവം നമുക്കില്ല കൂട്ടരേ...
കൊലവിളിപ്പാട്ടി,ലുന്മത്തമാവുന്ന
ഹൃദയവും നമുക്കില്ലെൻ സഖാക്കളേ....
കറയെഴാത്തതാം കാരുണ്യധാരത-
ന്നുറവനമ്മിലാ,ണുള്ളതെന്നോർത്തുനാം
അഴലകറ്റുവാ,നൊറ്റപ്രതീക്ഷയാ-
യരുണചക്രവാളത്തിൽ തിളങ്ങുമാ-
രജത താരകം നോക്കിക്കുതിക്കുവിൻ.....

സമരസാഹസം നമ്മൾ ക്കു ജീവിതം
സമയബന്ധിതം സങ്കടാച്ഛാദിതം...
തിരിതെളിച്ചിടാൻ മറ്റാരുമില്ലാതെ
ഇരുളുമൂടിക്കിടക്കുമീ പാതയിൽ
നിറകതിർ ചൊരിഞ്ഞെത്തുന്ന സൂര്യനായ്
സ്വയമെരിഞ്ഞു നാം വെട്ടമായ് തീരുവിൻ.......

     ----0------

ടി  . യൂ . അശോകൻ


===================================================









7 comments:

  1. ആഹാ മനോഹരമായൊരു വിപ്ലവകവിത വായിച്ചു. സന്തോഷം

    ReplyDelete
  2. "സ്വയമെരിഞ്ഞു നാം വെട്ടമായ് തീരുവിന്‍...."
    ആവേശോജ്ജ്വലമായ വിപ്ലവകവിത.
    ആശംസകള്‍

    ReplyDelete
  3. കറപിടിച്ചൊരീ വിപ്ലവത്തിണ്ണയില്‍
    ഇളകിയാടുന്ന 'ചോര' പ്പതാകയും
    വെറുതെ വായിട്ടലക്കുന്ന വിപ്ലവം
    നെറിവുകേടിന്‍ നിറം പിടിപ്പിച്ചതും....

    ReplyDelete
    Replies
    1. വരികളിൽ വൈരുദ്ധ്യദോഷം കാണുന്നു.
      തിണ്ണയിൽ ഇളകാനും ആടാനും കഴിയുന്ന പതാകയോ....
      വീണുകിടക്കുന്നതായി എഴുതൂ...ഭംഗിയാവും....

      Delete
    2. ചെങ്കല്ലു കെട്ടിയും ചാണാന്‍ പുരട്ടിയും
      സങ്കടക്കണ്ണുനീര്‍ ചാന്തു തേച്ചും
      പണ്ടുപടുത്തൊരീത്തിണ്ണയില്‍ തീര്‍ച്ച ഹാ!
      വൈരുദ്ധ്യ ദോഷം നിറഞ്ഞു നില്പൂ!!

      Delete
  4. ഉദയമെന്നൊരു സ്വപ്നമില്ലാത്തൊരു
    സ്വയമുരുകിടുമ്മെഴുകു തിരിനാമാകണോ ?

    ReplyDelete